Tuesday, July 16, 2019 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 10.42 AM

ബംഗ്ലാദേശിനെതിരേ റൗണ്ണൗട്ടിലൂടെ തുടങ്ങിയ ധോനി ലോകകപ്പില്‍ റണ്ണൗട്ടിലൂടെ തന്നെ കളി അവസാനിപ്പിക്കുമോ ?

uploads/news/2019/07/321037/dhoni-runnout.jpg

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോ നേരെ സ്റ്റംപില്‍ കൊള്ളുമ്പോള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി ക്രീസിന് ഇഞ്ചുകള്‍ മാത്രം ദൂരത്തായിരുന്നു. 49 ാം ഓവറിന്റെ മൂന്നാം പന്തില്‍ നടന്ന ഈ നാടകീയരംഗം ലോകകപ്പില്‍ ഇന്ത്യയുടെ വിധിയെഴുതുകയും ചെയ്തു. ഏറെക്കുറെ അവസാന ലോകകപ്പ് കളിക്കുന്ന ധോനി പക്ഷേ ഈ ലോകകപ്പോടെ വിരമിച്ചാല്‍ റണ്ണൗട്ടില്‍ കരിയര്‍ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്‌തെന്ന ക്രിക്കറ്റിലെ അപൂര്‍വ്വതയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ടു ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്ത നായകനെ കാത്തിരിക്കുന്നത്.

ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനിലേക്കുള്ള ധോനിയുടെ പ്രയാണത്തെ ഓര്‍മ്മിപ്പിച്ചാണ് ലോകകപ്പില്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ ധോനി തുടങ്ങിയതും ഒരു റണ്ണൗട്ടിലൂടെയാണ്. ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ അരങ്ങേറിയ ധോനി ആദ്യ മത്സരത്തില്‍ റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ റണ്ണൗട്ടായി പോയി. 2004 ഡിസംബറില്‍ നടന്ന മത്സരത്തില്‍ തപഷ് ബൈസ്യയുടെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ഖാലിദ് മഷൂദാണ് ധോനിയെ റണ്ണൗട്ടാക്കിയത്. ഒരൊറ്റ പന്ത് നേരിട്ട് പൂജ്യനായി മടക്കം. അതിനുശേഷമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരിൽ ഒരാളുമായി ധോനി മാറിയത്.

മൂന്ന് ഇന്നിങ്സിൽകൂടി നിസാര സ്കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. പിന്നാലെ പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയാണ് ധോനിയുടെ മികവ് ഇന്ത്യയ്ക്ക് കാട്ടിക്കൊടുത്തത്. തന്റെ അഞ്ചാം മത്സരത്തില്‍ പാകിസ്താനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ വിശാഖപട്ടണത്ത് ധോനി അടിച്ചത് 123 പന്തില്‍ 148 റണ്‍സ്. ഇവിടെ നിന്നുമായിരുന്നു ഏകദിനത്തിലെ 10 സെഞ്ച്വറിയും 73 അര്‍ദ്ധശതകങ്ങളുമായി 10,773 റണ്‍സിലേക്കും ധോനിയെത്തിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ധോനി ചരിത്രം തിരുത്തി ഏഴുതി. പിന്നീട് 2005 ഒക്‌ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ധോനി അടിച്ചു കൂട്ടിയത് 145 പന്തില്‍ 183 റണ്‍സായിരുന്നു.

ആദ്യ റൗണ്ണൗട്ടിലെ പാഠമാകണം വിക്കറ്റിനിടയിലെ താരത്തിന്റെ ഓട്ടം മികവുറ്റതാക്കി പിന്നീട് മാറിയത്. ബൗണ്ടറികള്‍ക്കും സിക്സറുകള്‍ക്കുമൊപ്പം സിംഗിളുകളും ഡബിളുകളും ധോനിയുടെ ബാറ്റില്‍ നിന്നും നിരന്തരം ഒഴുകി. ന്യൂസിലന്റിനെതിരേ ധോനി റണ്ണൗട്ടായപ്പോഴും ആരാധകര്‍ക്ക് അവിശ്വസനീയമായി ​തോന്നിയത് അതായിരിക്കണം. മാഞ്ചസ്റ്ററില്‍ ത​ന്റെ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ ധോനി സെമിയിൽ കിവീസിനെ നേരിടുമ്പോൾ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് മൂന്ന് ദിവസമായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏകദിനത്തിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പില്‍ കളിച്ചേക്കാന്‍ സാധ്യത തീരെയില്ല.

​ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നത് വിക്കറ്റിനിടയിലെ ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാനാക്കി ധോനിയെ മാറ്റിയെഴുതി. അതേ സമയം വിക്കറ്റിന് പിറകിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മികവ് തുടരുന്ന ധോനിക്ക് പക്ഷേ ബാറ്റിംഗില്‍ അത് നില നിര്‍ത്താനാകുന്നില്ല എന്നത് ലോകകപ്പിലെ ഇന്നിംഗ്സ് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടി പ്രതീക്ഷ നൽകിയ ധോനി ലോകകപ്പിലെ ഒൻപത് മത്സരങ്ങളിൽ നിന്ന് നേടിയത് 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഈ ലോകകപ്പില്‍ മെല്ലെപ്പോക്ക് നടത്തിയ ധോനി കാട്ടുന്നത് പഴയ ഫിനിഷറുടെ നിഴലാണ് താനും.

ധോനിക്ക് പിന്നാലെ ബാറ്റ് ചെയ്യുന്ന അനേകം വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത്പുറത്തു നില്‍ക്കുകയും ചെയ്യുന്നു. ഈ ലോകകപ്പില്‍ ഋഷഭ് പന്തിനെ പോലെയുള്ള ബാറ്റ്സ്മാന്‍മാര്‍ ധോനിയുടെ പിന്‍ഗാമിയാകാന്‍ ഊഴം പാര്‍ത്തിരിക്കുകയാണ്. ലോകകപ്പില്‍ മാത്രം ഇന്ത്യ മൂന്ന് കീപ്പര്‍ ബാറ്റ്സ്മാന്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത് എന്നത് കൂടി നോക്കുമ്പോള്‍ ധോനിക്ക് കാര്യങ്ങള്‍ അത്ര ആശാവഹമല്ലെന്ന് കാണാനാകും.

Ads by Google
Ads by Google
Loading...
TRENDING NOW