Tuesday, July 16, 2019 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 04.23 PM

കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം

'' ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെയും വായിലൂടെയുമുള്ള വായുസഞ്ചാരത്തിന് തടസം നേരിടുമ്പോഴാണ് കൂര്‍ക്കംവലി സംഭവിക്കുന്നത്. ഇതു പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം ''
Snoring Symptoms and Treatments

കൂര്‍ക്കംവലി അതിരുവിടുന്നുണ്ടെങ്കില്‍ സുക്ഷിക്കണം. ചിലപ്പോള്‍ ഏതെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ തകരാറാകാമിത്. ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായി കൂര്‍ക്കംവലി ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രം ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് ആരോഗ്യപ്രശ്‌നമായി കാണേണ്ടതില്ല. അതേസമയം പതിവായുള്ള കൂര്‍ക്കംവലി ഗൗരവമായി കാണുകതന്നെ വേണം.

പലപ്പോഴും ഇവര്‍ ഉറക്കമുണര്‍ന്നാല്‍ ക്ഷീണിതരായി കാണപ്പെടുന്നു. ഇവര്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ല, അല്ലെങ്കില്‍ ഉറക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസം നേരിടുന്നു എന്നാണ് ഇതിന് കാരണം. അതിനാല്‍ ഇക്കൂട്ടര്‍ ശരിയായ ഉറക്കം ലഭിക്കാന്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടിവരാം.

കൂര്‍ക്കംവലിക്ക് കാരണം


ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെയും വായിലൂടെയുമുള്ള വായുസഞ്ചാരത്തിന് തടസം നേരിടുമ്പോഴാണ് കൂര്‍ക്കംവലി സംഭവിക്കുന്നത്. ഇതു പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം.

കുറുനാവിന്റെ നീളക്കൂടുതല്‍


ചിലരുടെ കുറുനാവിനും അണ്ണാക്കിനും സാധാരണയില്‍ കവിഞ്ഞ നീളമുണ്ടായിരിക്കും. ഇത് മൂക്കില്‍ നിന്നും വായിലേക്ക് തുറക്കുന്ന ദ്വാരം ഇടുങ്ങിയതാക്കുന്നു. ഇതിന്റെ ഫലമായി ഇതുവഴിയുള്ള വായുസഞ്ചാരത്തിന് ഭാഗികമായി തടസം നേരിടുന്നു. ശ്വാസോച്ഛ്വാസം നടത്തുമ്പോള്‍ ഈ ഭാഗങ്ങളില്‍ വായുതട്ടി ശബ്ദമുണ്ടാകുന്നു. ഇതാണ് കൂര്‍ക്കംവലിയായി പുറത്തുവരുന്നത്.

മൂക്കിനുള്ളിലെ തടസങ്ങള്‍


ശ്വസന നാളിയില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കം വലി ഉണ്ടാകാം. ഇത്തരത്തില്‍ ശ്വസനത്തില്‍ ഭാഗികമായാണെങ്കിലും തടസം നേരിടുന്നവര്‍ക്ക് ഉറക്കത്തില്‍ ശ്വസിക്കാന്‍ കൂടുതല്‍ ആയാസം വേണ്ടിവരുന്നു.

ഇതിന്റെ ഫലമായി ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോള്‍ അതോടൊപ്പം അണ്ണാക്കിന്റെ മുകള്‍ ഭാഗവും കുറുനാവും ഒരുമിച്ച് ഉള്ളിലേക്ക് അടുക്കുന്നു. ഇതിന്റെ കമ്പനസ്വരമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

അലര്‍ജിയുള്ളവരിലും സൈനസില്‍ അണുബാധയുള്ളവരിലും കൂര്‍ക്കംവലി ഉണ്ടാകാം. മൂക്കിന്റെ ഇരു ദ്വാരങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന പേശികളില്‍ ഉണ്ടാകുന്ന തകരാറുകളും മൂക്കിലെ ദശവളര്‍ച്ചയും കൂര്‍ക്കംവലിക്ക് കാരണങ്ങളാണ്.

Snoring Symptoms and Treatments

തൊണ്ടയിലെയും നാവിലെയും പേശികളുടെ തകരാര്‍


ഉറക്കത്തില്‍ ശ്വസനം സുഗമമാക്കാന്‍ സഹായിക്കുന്നത് തൊണ്ടയിലെയും നാവിലെയും പേശികളാണ്. ഈ പേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ വായുസഞ്ചാരത്തെ തടസപ്പെടുത്തുകയും കൂര്‍ക്കം വലിക്ക് കാരണമാകുകയും ചെയ്യും.

തൊണ്ടയിലെ തടിച്ച ഉള്‍ഭിത്തി


കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. മൂക്കിനുള്ളിലെ വീക്കവും വലിപ്പമുള്ള ടോന്‍സിലും തൊണ്ടയില്‍ കട്ടികൂടാന്‍ ഇടയാക്കുന്നു. തൊണ്ടയിലെ തടിച്ച ഭാഗം കൂര്‍ക്കം വലിക്ക് കാരണമാകുന്നു. എന്നാല്‍ പ്രായമായവരില്‍ അമിതവണ്ണം മൂലമാണ് തൊണ്ടയില്‍ കട്ടികൂടുന്നത്. ഇതും കൂര്‍ക്കംവലിക്ക് കാരണമാകുന്നുണ്ട്.

കൂര്‍ക്കം വലിയുടെ അപകട സാധ്യതകള്‍


പതിവായുള്ള കൂര്‍ക്കം വലിക്ക് അപകടസാധ്യത കൂടുതലാണ്. ഇതു ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം മൂലമാകാം. ഉദാഹരണമായി 'ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ' എന്ന രോഗമുള്ളവരില്‍ കൂര്‍ക്കംവലി ലക്ഷണമായി കണ്ടുവരുന്നു. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

ശ്വസനനാളിയിലെ പൂര്‍ണമായതോ ഭാഗികമായതോ ആയ തടസം മൂലം പ്രായപൂര്‍ത്തിയായവരില്‍ പത്തു സെക്കന്റില്‍ കൂടുതല്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയുണ്ടാകാം. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ രോഗികളില്‍ ഒരു ഉറക്കത്തില്‍ തന്നെ നൂറിലേറെ തവണ ഇത്തരത്തില്‍ ശ്വാസം നിലച്ചുപോകാനിടയുണ്ട്. ഇതിന്റെ ഫലമായി വ്യക്തി ഉറക്കത്തില്‍ പലതവണ ഉണരുന്നു.

കൂര്‍ക്കം വലിയോടുകൂടിയ സ്ലീപ് അപ്നിയ ഉള്ളവര്‍ക്ക് ഗാഢനിദ്ര ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ നല്ല ഉറക്കത്തിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. ഇവര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതോടെ തൊണ്ടയിലെ പേശികള്‍ അയഞ്ഞുതുടങ്ങുന്നു.

ഇത് വായു സഞ്ചാരത്തിന് കൂടുതല്‍ തടസമുണ്ടാക്കുന്നു. സ്ലീപ് അപ്നിയ ഉള്ളവരില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവായിരിക്കും. ഇതിന്റെ ഫലമായി ഹൃദയത്തിന് രക്തം പമ്പു ചെയ്യുന്നതിന് അധികജോലി ചെയ്യേണ്ടിവരുന്നു. ഇത് രക്തസമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യും.

ഇതിന്റെ ഫലം രാത്രിയിലുള്ള ഉറക്കം കുറവായിരിക്കും. പകല്‍ ക്ഷീണവും. ജോലി ചെയ്യുന്നതിനും വാഹനമോടിക്കുന്നതിനും ക്ഷീണം തടസമാകുന്നു. ഒബ്‌സ്ട്രക്ടീവ് സ്ലീവ് അപ്നിയ വളരെക്കാലം നിലനില്‍ക്കുന്നത് അമിത രക്തസമ്മര്‍ദത്തിനും ഹൃദയവീക്കത്തിനും ഇടയാക്കും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും.

Snoring Symptoms and Treatments

കൂര്‍ക്കംവലി ചികിത്സിക്കാം


അമിത വണ്ണം കുറയ്ക്കുക എന്നതാണ് കുര്‍ക്കംവലി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായാണോ കുര്‍ക്കം വലിയുണ്ടാകുന്നതെന്ന് പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവുകയുള്ളൂ. മരുന്നും ചിലപ്പോള്‍ ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കും.

സര്‍ജറി ആവശ്യമില്ലാത്ത ചികിത്സകള്‍


മൂക്കിലൂടെ സുഗമമായി ശ്വസിക്കാനും ശുദ്ധവായു ലഭ്യമാക്കാനും സഹായിക്കുന്ന പ്രത്യേകതരം മാസ്‌ക് ധരിക്കുകയാണ് സര്‍ജറി ആവശ്യമില്ലാത്ത ചികിത്സാരീയില്‍ പ്രധാനം. ഈ മാസ്‌ക് ധരിക്കുന്നതിലൂടെ രോഗിക്ക് കുര്‍ക്കംവലി ഒഴിവാക്കാനാവുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
നേസല്‍ സ്റ്റിറോയ്ഡും അലര്‍ജിക്കുള്ള മറ്റ് മരുന്നുകളുടെ ഉപയോഗവും വായില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍

കൂര്‍ക്കംവലി ഒഴിവാക്കാം.


വല്ലപ്പോഴും മാത്രമുള്ള കൂര്‍ക്കം വലിയും നിയന്ത്രിക്കാവുന്നതേയുള്ളൂ. അതിനായി ശീലങ്ങളിലും ദിനചര്യകളിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാവും.
1. ശരീരഭാരം കുറയ്ക്കുക.
2. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
3. ട്രാന്‍ക്വിലൈസേഴ്‌സ്, ഉറക്ക ഗുളികകള്‍, ആന്റിഹിസ്റ്റമിനുകള്‍ തുടങ്ങിയവ ഉറങ്ങാന്‍ പോകുംമുമ്പ് കഴിക്കരുത്.
4. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മദ്യം, പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
5. ഉറക്കത്തിന് സമയനിഷ്ഠ പാലിക്കുക.
6. പതിവായി ഒരേസമത്ത് ഉറങ്ങാന്‍ ശ്രമിക്കുക.
7. വശത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുക.
8. മലര്‍ന്നുകിടന്നുള്ള ഉറക്കം ഒഴിവാക്കുക.
9. കിടക്കയില്‍നിന്നും നാല് ഇഞ്ച് ഉയരത്തില്‍ തല ഉയര്‍ത്തിവച്ച് കിടക്കാന്‍ ശ്രമിക്കുക.
10. സ്ലീപ് സ്‌പെഷലിസ്റ്റിനോടോ ഡോക്ടറോടോ ഉറക്കക്കുറവിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുക.

Ads by Google
Ads by Google
Loading...
TRENDING NOW