Tuesday, July 16, 2019 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.10 AM

കന്നഡ നാടകം അന്ത്യത്തിലേക്ക്‌ : 10 വിമതര്‍ നേരില്‍ രാജി നല്‍കി; സ്‌പീക്കര്‍ ആലോചനയില്‍

uploads/news/2019/07/321127/d1.jpg

ന്യൂഡല്‍ഹി/ബംഗളുരു: വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി കഴിഞ്ഞും കര്‍ണാടക നിയമസഭാ സ്‌പീക്കറുടെ ആലോചന തുടരുന്നു. വിശദമായ പരിശോധനയ്‌ക്കു ശേഷമേ തീരുമാനമെടുക്കൂ എന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ വൈകുന്നേരം ആറിനു സ്‌പീക്കറും പത്തു വിമത എം.എല്‍.എമാരും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുക്കിയ സുപ്രീം കോടതി, പുതിയ രാജിക്കത്തു നല്‍കിയാല്‍ ഇന്നലെത്തന്നെ തീരുമാനമെടുക്കാനാണു നിര്‍ദേശിച്ചത്‌. തീരുമാനം ഇന്നു രാവിലെ അറിയിക്കാനും ഉത്തരവിട്ടു. സാവകാശം ആവശ്യപ്പെട്ട്‌ സ്‌പീക്കര്‍ നല്‍കിയ അപേക്ഷ ഇന്നു പ്രധാന ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി മാറ്റുകയും ചെയ്‌തു.
മുംബൈയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന പത്തു കോണ്‍ഗ്രസ്‌/ജെ.ഡി.എസ്‌. വിമതര്‍ കോടതിയുത്തരവിനു പിന്നാലെ പ്രത്യേക വിമാനത്തില്‍ ബംഗളരുവിലെത്തി.
തുടര്‍ന്നു നിയമസഭാമന്ദിരമായ വിധാന്‍സൗധയില്‍ സ്‌പീക്കര്‍ കെ.ആര്‍. രമേഷ്‌ കുമാറിനെ നേരിട്ടുകണ്ട്‌ പുതിയ രാജിക്കത്തുകള്‍ കൈമാറി. രാജിക്കത്തുകള്‍ സ്വമേധയാ നല്‍കിയതാണെന്ന്‌ ഉറപ്പാക്കിയേ തീരുമാനമെടുക്കൂ എന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സ്‌പീക്കര്‍ അറിയിച്ചു. തെറ്റുപറ്റാന്‍ ആഗ്രഹിക്കുന്നില്ല. എം.എല്‍.എമാരുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുപ്രീം കോടതിയെ തീരുമാനമറിയിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു.
ഇന്നു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ, വിമതരടക്കം എല്ലാ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ്‌, ജെ.ഡി.എസ്‌. നേതൃത്വം വിപ്പ്‌ നല്‍കി. അയോഗ്യത ഭയന്ന്‌ വിമതര്‍ ഒപ്പം നില്‍ക്കുമെന്നും സാവകാശം ലഭിച്ചാല്‍ പതിയെ അനുനയിപ്പിച്ച്‌ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, വിമതര്‍ കോടതിയെ സമീപിച്ചതോടെ തന്ത്രം പാളി. സ്‌പീക്കര്‍ക്കു നേരില്‍ കൈമാറുന്ന രാജിക്കത്തുകള്‍ അംഗീകരിക്കാതെ പറ്റില്ലെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നുമായി 11 എം.എല്‍.എമാര്‍ കഴിഞ്ഞ ശനിയാഴ്‌ച ഒറ്റയടിക്കു രാജിവച്ചതാണ്‌ 13 മാസം മാത്രം പ്രായമായ സഖ്യസര്‍ക്കാരിനു പുതിയ പ്രതിസന്ധി സൃഷ്‌ടിച്ചത്‌.
അതിനു ശേഷം അഞ്ചു പേര്‍ കൂടി രാജി പ്രഖ്യാപിച്ചു. മന്ത്രിസ്‌ഥാനം വലിച്ചെറിഞ്ഞ്‌ രണ്ട്‌ സ്വതന്ത്രര്‍ എതിര്‍ചേരിയിലേക്കു പോകുകയും ചെയ്‌തതോടെ 100 അംഗങ്ങളുടെ മാത്രം പിന്തുണയുമായി കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി.മറുവശത്ത്‌, സ്വതന്ത്രരെയും ചേര്‍ത്ത്‌ ബി.ജെ.പി. പക്ഷത്ത്‌ 107 പേരുണ്ട്‌. 15 എം.എല്‍.എമാരുടെ രാജി സ്വീകരിക്കപ്പെട്ടാല്‍ മൊത്തം അംഗബലം കുറയുന്ന നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന്‌ അതു മതിയാകും.
സര്‍ക്കാര്‍ സ്വയം നിലംപതിക്കുന്നതിനു കാത്തിരിക്കാനാണു ബി.ജെ.പിയുടെ തീരുമാനം. രാജി വയ്‌ക്കില്ലെന്നു മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ആവര്‍ത്തിക്കുമ്പോഴും അവിശ്വാസപ്രമേയം തല്‍ക്കാലം ബി.ജെ.പിയുടെ ആലോചനയിലില്ല.

Ads by Google
Friday 12 Jul 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW