Tuesday, June 26, 2018 Last Updated 59 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 11.14 PM

ഇടുക്കി പനിക്കിടക്കയില്‍ത്തന്നെ

uploads/news/2017/07/128200/1ig.jpg

ഇടുക്കി: ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണെങ്കിലും ജില്ലയില്‍ പനിക്കു ശമനമില്ല. കാലവര്‍ഷം ശക്‌തമാകാതെ ഒളിച്ചുകളിക്കുന്നതും പനി നിയന്ത്രണ വിധേയമാകാത്തതിനു കാരണമാണ്‌.
ജില്ലയില്‍ ഇതുവരെ 122 പേര്‍ക്കാണ്‌ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. നിരവധി പനിമരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു. വിവിധ ആശുപത്രികളിലായി കഴിഞ്ഞ ദിവസം 484 പേര്‍ പനിക്കു ചികിത്സ തേടി. 25 പേരെ കിടത്തി. 11പേര്‍ക്ക്‌ ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുവെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ഡി.എം.ഒ ഓഫീസില്‍ നിന്ന്‌ അറിയിച്ചു.
അടിമാലി മേഖലയില്‍ ചിത്തിരപുരം ബ്ലോക്ക്‌ പി.എച്ച്‌.സിയുടെ കീഴിലുള്ള 12 പഞ്ചായത്തുകളില്‍ കഴിഞ്ഞ ആറു ദിവസത്തിനിടെ പനിക്കു ചികിത്സ തേടിയെത്തിയത്‌ മൂവായിരത്തോളം രോഗികളാണ്‌. ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഫീല്‍ഡ്‌ സന്ദര്‍ശനം നടത്തിയെടുത്ത കണക്ക്‌ അനുസരിച്ച്‌ 508 പനി ബാധിതര്‍ വേറെയുമുണ്ട്‌. എട്ടുപേരാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ ഇപ്പോഴും മേഖലയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്‌.
അന്യസംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ അടക്കം എട്ടോളം മലേറിയ കേസുകള്‍ ഈ വര്‍ഷം മേഖലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മൂന്നാര്‍, ദേവികുളം മേഖലയിലാണ്‌ മലേറിയ കൂടുതലും.
അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30 വരെ മാത്രം മുന്നൂറു പേരോളം പനി ബാധിതരായി എത്തി. മൂന്ന്‌ പുരുഷന്മാരും മൂന്ന്‌ സ്‌ത്രീകളും അടക്കം ആറ്‌ ഡെങ്കിപ്പനി ബാധിതരാണ്‌ അടിമാലിയില്‍ ചികിത്സയിലുള്ളത്‌. പതിനഞ്ചോളം രോഗികള്‍ പനി ബാധിച്ച്‌ കിടത്തിചികിത്സയിലുണ്ട്‌.
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, ഇടമലക്കുടി, ദേവികുളം, മാങ്കുളം, പള്ളിവാസല്‍, കൊന്നത്തടി, വാത്തിക്കുടി, വെള്ളത്തൂവല്‍, അടിമാലി പഞ്ചായത്തുകളാണ്‌ ചിത്തിരപുരം ബ്ലോക്ക്‌ പി.എച്ച്‌.സിയുടെ പരിധിയിലുള്ളത്‌. തമിഴ്‌നാട്ടില്‍ സ്‌ഥിരീകരിച്ച ഒരു ഡെങ്കിപ്പനി കേസാണ്‌ മറയൂരില്‍ ഈയാഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. പള്ളിവാസലില്‍ ഒരു മഞ്ഞപ്പിത്തവും സ്‌ഥിരീകരിച്ചു.
വെള്ളത്തൂവലിലും ഒരു ഡെങ്കിപ്പനി കണ്ടെത്തി. ആനവിരട്ടിയില്‍ ഈയാഴ്‌ച പനി ബാധിച്ച്‌ ഒരാള്‍ മരിച്ചിട്ടുണ്ട്‌. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തോലക്കുളം പി.വി. എബ്രഹാമാണ്‌ മരിച്ചത്‌. മൂന്നാര്‍, ദേവികുളം മേഖലയില്‍ ഏഴ്‌ ചിക്കന്‍പോക്‌സ്‌ രോഗികളെയാണ്‌ കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ കണ്ടെത്തിയത്‌. ആയുര്‍വേദ, ഹോമിയോപ്പതി ചികില്‍സാകേന്ദ്രങ്ങളിലും ദിവസവും നിരവധി പനിക്കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഡ്യയുടെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലയില്‍ നടത്തിവരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകളില്‍ ചികിത്സയ്‌ക്കായി എത്തിയ പനി ബാധിതരും നിരവധിയാണ്‌. കാലവര്‍ഷ മഴയും പകല്‍ സമയങ്ങളിലെ ശക്‌തമായ ചൂടും രാജകുമാരി മേഖലയില്‍ പനി ബാധിതര്‍ കൂടാന്‍ കാരണമായി.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ രാജാക്കാട്‌ സി.എച്ച്‌.സി കീഴില്‍ ഒന്‍പത്‌ ഡെങ്കിപ്പനിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്‌. മഴക്കാലത്തിനു മുമ്പേ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു.
ലോറേഞ്ചില്‍ തൊടുപുഴ, പുറപ്പുഴ, ഇടവെട്ടി എന്നിവിടങ്ങളിലാണ്‌ ഡെങ്കിപ്പനി കൂടുതലും കണ്ടുവരുന്നത്‌. മലമ്പനി, എലിപ്പനി എന്നിവ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. വൈറല്‍ പനികള്‍ ഓരോ ദിവസം വര്‍ധിക്കുകയാണ്‌.കട്ടപ്പന മേഖലയിലെ തോട്ടം, ആദിവാസി മേഖലകളിലടക്കം നിരവധി പോരാണ്‌ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും രോഗികളെ വലയ്‌ക്കുകയാണ്‌. ഇതിനിടെ വാളാര്‍ഡി ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയായ വീട്ടമ്മയുടെ മരണം പകര്‍ച്ചപ്പനി ബാധിച്ചാണെന്നു പ്രചരണമുണ്ടായെങ്കിലും ആരോഗ്യ വകുപ്പ്‌ നിഷേധിച്ചു. കട്ടപ്പന താലൂക്ക്‌ ആശുപത്രിയില്‍ ഒരു മാസത്തിനിടെ പകര്‍ച്ചപ്പനി ബാധിതരായി ചികിത്സ തേടിയെത്തിയത്‌ 350-ല്‍പ്പരം പേരാണ്‌. അഞ്ചുപേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ തുടര്‍ചികിത്സയും ലഭ്യമാക്കി. പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരില്‍ രണ്ട്‌ മാസത്തിനിടെ 25 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിരുന്നു.
തോട്ടം, കാര്‍ഷിക മേഖലകളില്‍ നിന്നായി പ്രതിദിനം 400-ല്‍പ്പരം പേരാണ്‌ മഴക്കാല രോഗങ്ങളെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തുന്നത്‌.
അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ഏലപ്പാറ പഞ്ചായത്തുകളില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്‌. ഇതിനിടെ ഡെങ്കിപ്പനി കൂടാതെ ചെള്ളുപനി, എലിപ്പനി എന്നിവയും സ്‌ഥിരീകരിച്ചു. ഉപ്പുതറ പഞ്ചായത്തില്‍ മാത്രം ഡെങ്കിപ്പനി ബാധിതര്‍ 10 പേരാണ്‌. രണ്ടു പേരില്‍ ചെള്ളുപനി, എലിപ്പനിയും എന്നിവയും കണ്ടെത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഒരാളില്‍ ഹൈപ്പറ്റൈറ്റിസ്‌ ബിയും കണ്ടെത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 250-ല്‍പ്പരം പേരാണ്‌ ചികിത്സ തേടിയെത്തുന്നത്‌.
നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ മാത്രം ഒന്നര മാസത്തിനിടെ പനി ബാധിച്ച്‌ ചികിത്സ തേടിയെവര്‍ 12,000-ലധികമാണ്‌. നാലു പേരില്‍ ഡെങ്കിപ്പനിയും ഒരാളില്‍ എലിപ്പനിയും കണ്ടെത്തിയിരുന്നു. കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ജീവനക്കാരുടെ അഭാവം പ്രശ്‌നമാകുന്നു. പ്രതിദിനം 500-ല്‍പ്പരം രോഗികളാണ്‌ ഇവിടെ എത്തുന്നത്‌. നാലു ഡോക്‌ടര്‍മാരുള്ള ആശുപത്രിയില്‍ പലപ്പോഴും ഒരാളുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. കൂടാതെ ജീവനക്കാരുടെ എണ്ണവും കുറവാണ്‌. മേഖലയില്‍ മൂന്നു പേരില്‍ ഡെങ്കിപ്പനി കണ്ടെത്തിയിരുന്നു. ഇവരില്‍ രണ്ടു പേര്‍ ഇപ്പോഴും ചികിത്സയിലാണ്‌.

Ads by Google
Advertisement
Sunday 16 Jul 2017 11.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW