Saturday, July 21, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.40 AM

പൊന്‍മുടി എക്കോപോയിന്റ്‌ ടൂറിസം കേന്ദ്രം അവഗണനയില്‍

uploads/news/2018/04/209034/2.jpg

രാജകുമാരി: അധികൃതരുടെ അവഗണനയും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും പൊന്‍മുടി എക്കോപോയിന്റ്‌ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ ഉപേക്ഷിക്കുന്നു. ആളൊഴിഞ്ഞ്‌ അനാഥമായതോടെ പ്രദേശത്ത്‌ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും ശല്യമാണ്‌. മുമ്പ്‌ ബോട്ടിങ്‌ അടക്കം ഉണ്ടായിരുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്‌ ഇന്ന്‌ അധികൃതരുടെ അനാസ്‌ഥയില്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്‌.
രണ്ടായിരത്തി പതിനഞ്ചിലാണു പൊന്‍മുടി ജലാശയത്തില്‍ കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായി എക്കോപോയിന്റ്‌ പ്രദേശത്ത്‌ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ ബോട്ടിങ്‌ ആരംഭിച്ചത്‌. മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോപോയിന്റിനു സമാനമായ രീതിയിലുള്ള ഇവിടെ ബോട്ടിങ്‌ ആരംഭിച്ച്‌ കുറഞ്ഞദിവസങ്ങള്‍ക്കുള്ളില്‍ സഞ്ചാരികളുടെ തെരക്കും വര്‍ധിച്ചു. പ്രകൃതി മനോഹാരിതയ്‌ക്കു നടുവില്‍ സ്‌ഥതിചെയ്യുന്ന പൊന്‍മുടിയില്‍ പ്രതിദിനം മുപ്പതിനായിരം രൂപവരെ വരുമാനം ലഭിച്ചിരുന്നതാണ്‌. ഒരുവിധം അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കാതെ ഒരു ക്യാഷ്‌ കൗണ്ടര്‍ മാത്രം സ്‌ഥാപിച്ച്‌ ഉദ്‌ഘാടനം നടത്തി ആരംഭിച്ച സെന്ററില്‍, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണനുഭവപ്പെട്ടത്‌.
എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാഷ്‌ട്രീയ പിടിവലിയില്‍ ചിലര്‍ ബോട്ടിങ്‌ നടത്താന്‍ വേണ്ട സുരക്ഷിതത്വമില്ലെന്നു കാട്ടി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ താല്‍ക്കാലികമായി ബോട്ടിങ്‌ നിര്‍ത്തുകയായിരുന്നു. ജലനിരപ്പ്‌ താഴുമ്പോള്‍ ഉയര്‍ന്നുവരുന്ന മരക്കുറ്റികള്‍ ബോട്ടിങ്ങിനു ഭീഷിണിയാണെന്നും ഇത്‌ വലിയ അപകടങ്ങള്‍ക്കു വഴിയൊരുക്കുമെന്നും കാട്ടിയായിരുന്നു പരാതി നല്‍കിയത്‌. ബോട്ടിങ്‌ നിലച്ചതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി. പൊന്‍മുടി വനമേഖലയേയും ജലാശയത്തേയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മണല്‍, വനംമാഫിയയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ ബോട്ടിങ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ഇതിന്‌ ഉദ്യോഗസ്‌ഥര്‍ കൂട്ടുനില്‍ക്കുന്നതായി കാട്ടി നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കുകയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയും ചെയ്‌തു. ഇതോടെ ജലാശയത്തിനുള്ളിലെ മരക്കുറ്റികള്‍ മുറിച്ചു മാറ്റി വീണ്ടും ബോട്ടിങ്‌ ആരംഭിച്ചു. തുടര്‍ന്ന്‌ ഒരുമാസം വീണ്ടും ബോട്ടിങ്‌ തുടര്‍ന്നു.
എന്നാല്‍ പിന്നീട്‌ നാട്ടുകാരറിയാതെ രാത്രിയില്‍ ഇവിടെനിന്നും ബോട്ടുകള്‍ മാറ്റി ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ തടിയൂരി. ഇതോടെ പൊന്‍മുടി ടൂറിസം പദ്ധതി അനിശ്‌ചിതത്വത്തിലായി. തുടര്‍ന്ന്‌ മന്ത്രി എം.എം. മണി ജലാശയത്തില്‍ ബോട്ടിങ്‌ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പു നല്‍കി. രാജാക്കാട്‌ പഞ്ചായത്തിന്റെ ഭാഗമായ പ്രദേശത്തു നടപടികള്‍ ആരംഭിച്ചെങ്കിലും വകുപ്പുകള്‍ തമ്മിലുള്ള വടംവലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ വനംവകുപ്പ്‌ നോട്ടീസ്‌ നല്‍കി. ഇതോടെ പൊന്‍മുടി ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനവും താളം തെറ്റി.
നിലവില്‍ അടിസ്‌ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത പൊന്‍മുടിയിലേയ്‌ക്കു സഞ്ചാരികളുടെ കടന്നുവരവും നിലച്ചു. രാജാക്കാട്‌ കൊന്നത്തടി പഞ്ചായത്തുകളുടെ സമഗ്രമായ വിസനത്തിനു വഴിയൊരുക്കുന്ന വലിയ പദ്ധതിയാണ്‌ ഇന്ന്‌ രാഷ്‌ട്രീയ പിടിവലിയില്‍ ഇല്ലാതായത്‌.

Ads by Google
Advertisement
Sunday 15 Apr 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW