Monday, December 17, 2018 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.42 AM

നടുവൊടിഞ്ഞ കര്‍ഷകന്റെ ചോരയൂറ്റി ജി.എസ്‌.ടി.

uploads/news/2018/04/209051/1.jpg

കോട്ടയം: വില ക്രമാതീതമായി താഴ്‌ന്നെങ്കിലും, മഴ പെയ്‌തില്ലേ വെട്ടിത്തുടങ്ങിയേക്കാം എന്നു കരുതുന്ന റബര്‍ കര്‍ഷകരെ വെട്ടിലാക്കി ജി.എസ്‌.ടിയും വളംവില്‍പ്പനയിലെ നിയന്ത്രണങ്ങളും. ഷേഡ്‌ ഒട്ടിച്ച്‌ റബര്‍ ടാപ്പിങ്ങ്‌ പുനരാരംഭിക്കാന്‍ ഇരുന്ന കര്‍ഷകരാണു ജി.എസ്‌.ടിയുടെയും വില വര്‍ധനയുടെയും ആഘാതത്തില്‍ വലയുന്നത്‌. ഷേഡ്‌ ഒട്ടിക്കാനുള്ള സാധനങ്ങളുടെ വില വര്‍ധനയെത്തുടര്‍ന്നു ടാപ്പിങ്ങ്‌ ആരംഭിക്കേണ്ടെന്ന തീരുമാനത്തിലാണു കര്‍ഷകര്‍.
ജി.എസ്‌.ടിയെത്തുടര്‍ന്നു മാത്രം ഒരു റബറിനു ഷേഡ്‌ ഒട്ടിയ്‌ക്കാന്‍ കര്‍ഷകര്‍ക്ക്‌ അധികമായി 5.20 രൂപ വേണ്ടിവരുമെന്നാണു കണക്ക്‌. അസംസ്‌കൃത സാധാനങ്ങള്‍ക്കുണ്ടായ വില വര്‍ധന കൂടി കണക്കാക്കിയാല്‍ നിരക്ക്‌ പിന്നെയും ഉയരും. അതേസമയം, റബര്‍ വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു കിലോയില്‍ 30 രൂപയുടെ കുറവുണ്ടായി. ഒരു കിലോ പ്ലാസ്‌റ്റികിന്റെ വില മുന്‍ വര്‍ഷത്തെ 127 രൂപയില്‍ നിന്ന്‌ 140 രൂപയായി ഉയര്‍ന്നു, ഒരാഴ്‌ച കൂടി കഴിഞ്ഞാല്‍ വില 145 രൂപയാകുമെന്നു വ്യാപാരികള്‍ പറയുന്നു. പശയുടെ വില കിലോയ്‌ക്കു 27.50 രൂപയില്‍ നിന്നു 33 രൂപയായി.
ബെല്‍റ്റിന്റെ വില 148 രൂപയില്‍ നിന്നു 165- 170 രൂപയായി. ബെല്‍റ്റിനു പുറമേ ഉപയോഗിക്കുന്ന സ്‌റ്റാപ്ലെയര്‍ പിന്നിന്റെ വില മാത്രമേ ഉയരാത്തതുള്ളൂവെന്നാണു കര്‍ഷകര്‍ പറയുന്നു. ഒറ്റ പട്ടയുള്ള മരത്തിനു 10 രൂപയും കമിഴ്‌ത്തി വെട്ടു മരത്തിനു 20 രൂപയുമാണ്‌ ഷേഡ്‌ ഒട്ടിക്കുന്നതിനുള്ള കൂലി. വിലയിലെ ക്രമാതീതമായ വര്‍ധനയെത്തുടര്‍ന്നു ഷേഡ്‌ ഒട്ടിക്കാനുള്ള തീരുമാനത്തില്‍ നിന്നു കര്‍ഷകര്‍ പിന്തിരിഞ്ഞിരിക്കുകയാണ്‌.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ആസിഡ്‌ വില കൂടുകയും വില്‍പ്പന നിയന്ത്രണം ശക്‌തമാകുകയും ചെയ്‌തതും കര്‍ഷകര്‍ക്കു തിരിച്ചടിയായി.
എക്‌സ്‌പ്ലോസീവ്‌ ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ആസിഡ്‌ വില്‍ക്കാന്‍ കഴിയൂ എന്ന വ്യവസ്‌ഥ വന്നതോടെ ആസിഡ്‌ വില്‍പ്പന വ്യാപാരികള്‍ അവസാനിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്‌. മാത്രമല്ല, ആസിഡിന്റെ വില 130 രൂപയില്‍ നിന്ന്‌ 170 രൂപയാകുകയും ചെയ്‌തു. ഗ്രാമപ്രദേശങ്ങളിലാണു ആസിഡ്‌ വില്‍പ്പന വ്യാപാരികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്‌.
ഇതിനൊപ്പം വളം വില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ കൂടിയായതോടെ കര്‍ഷകര്‍ വെള്ളം കുടിയ്‌ക്കുകയാണ്‌.
ആധാര്‍, വിരലടയാളം എന്നിങ്ങനെ ഒട്ടേറെ നൂലാമാലകള്‍ കടന്നാലും ആവശ്യത്തിനു വളം ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. പുറംവിപണിയില്‍ നിന്നു ജൈവവളം ലഭിക്കുന്നുണ്ടെങ്കിലും അമിത വില ഈടാക്കുന്നതിനൊപ്പം ഗുണമേന്മ കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴയുടെ ആരംഭത്തില്‍ വളപ്രയോഗം നടത്തി ഷേഡും ഒട്ടിച്ചു ടാപ്പിങ്ങ്‌ ആരംഭിക്കാമെന്ന കര്‍ഷകരുടെ മോഹങ്ങള്‍ക്കാണു തിരിച്ചടിയുണ്ടായിരിക്കുന്നത്‌.

Ads by Google
Advertisement
Sunday 15 Apr 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW