Sunday, July 21, 2019 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

ഹരിത തട്ടിപ്പ്‌: അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്‌

നെടുങ്കണ്ടം: തൂക്കുപാലത്ത്‌ ഹരിത ഫിനാന്‍സിന്റെ മറവില്‍ നടന്ന തട്ടിപ്പുകള്‍ സംബന്ധിച്ച്‌ പോലീസ്‌ കൂടുതല്‍ അനേ്വഷണത്തിലേക്ക്‌. സമാന രീതിയില്‍ ജില്ലയില്‍ മറ്റിടങ്ങളില്‍ തട്ടിപ്പ്‌ നടന്നിട്ടുണ്ടോയെന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. സ്വര്‍ണ പണയ വായ്‌പ നല്‍കാനുള്ള ലൈസന്‍സിന്റെ മറവിലാണ്‌ ഹരിത ഫിനാന്‍സ്‌ ഓഫീസ്‌ തുടങ്ങിയത്‌.
സ്‌ഥിരം ജോലി വാഗ്‌ദാനം നല്‍കി ജീവനക്കാരില്‍ നിന്നു വരെ ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നും അനേ്വഷണത്തില്‍ കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപെടുത്താന്‍ ഗുണ്ടാ സംഘങ്ങളും പ്രവര്‍ത്തിച്ചിരുന്നു. കേസിലെ പ്രധാന പ്രതിക്കായി പോലീസ്‌ അനേ്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
തൂക്കുപാലത്ത്‌ ഹരിതാ ഫിനാന്‍സിന്റെ മറവില്‍ കോടികളുടെ ഇടപാടാണ്‌ നടന്നതെന്നിരിക്കേ സ്‌ത്രീ ജീവനക്കാരെ മുന്‍നിര്‍ത്തി സ്‌ഥാപനം നടത്തിയ കുമാറിന്‌ വന്‍ തട്ടിപ്പ്‌ സംഘവുമായി ബന്ധമുള്ളതായാണ്‌ സംശയം. ആസൂത്രിതമായി മാസങ്ങള്‍ക്ക്‌ മുമ്പേ തട്ടിപ്പ്‌ നടത്തുന്നതിന്‌ വേണ്ടി പ്രവര്‍ത്തനം ആരംഭിച്ച സാഥാപനത്തിന്റെ ഓഫീസ്‌ തുറന്നത്‌ കഴിഞ്ഞ മാസമാണ്‌.
ഇതിനായി കഴിഞ്ഞ മേയ്‌ 29ന്‌ നേടിയെടുത്ത ലൈസന്‍സ്‌ സ്വര്‍ണ പണയ വായ്‌പ നല്‍കുന്നതിന്‌ വേണ്ടിയുള്ളതാണെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിന്റെ മറവില്‍ ആയിരുന്നു പണമിടപാട്‌ നടത്തിയത്‌. സ്‌ഥാപനത്തിന്റെ എം.ഡി. ആയ ആലപ്പുഴ തോണക്കാട്‌ മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസിന്റെ പേരിലാണ്‌ ലൈസന്‍സ്‌ സ്വന്തമാക്കിയത്‌.
പിടിയിലായ എം.ഡിയും മാനേജരും ഉള്‍പ്പടെ ഫീല്‍ഡ്‌വര്‍ക്കിനായും മറ്റും 15 ഓളം വനിത ജീവനക്കാരും സ്‌ഥാപനത്തിന്‌ കീഴില്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും സ്‌ഥിരം ജോലി വാഗ്‌ദാനം നല്‍കി നിയമിച്ച ഇവരില്‍ പലരില്‍ നിന്നും 25000 രൂപ വരെ സെക്യൂരിറ്റി നിക്ഷേപമായും വാങ്ങി. മിക്കവര്‍ക്കും ഒരു മാസത്തിലധികം ശമ്പളം നല്‍കിയിട്ടുമില്ല.
വനിതകള്‍ക്ക്‌ ധാരാളം സഹായം നല്‍കുന്നയാളായും അവരുടെ പ്രശ്‌നങ്ങളില്‍ സങ്കടപെടുന്ന ആളായും നിലപാടെടുത്ത കുമാറിനെ പാവങ്ങള്‍ പൊതുവെ ബഹുമാനത്തോടെയാണ്‌ കണ്ടിരുന്നത്‌.
തൂക്കുപാലത്ത്‌ ഓഫീസ്‌ തുറന്നപ്പോള്‍ ജോലി ലഭിച്ച സന്തോഷത്തില്‍ പലരും നിറകണ്ണുകളോടെ ഇയാളുടെ കാല്‍തൊട്ട്‌ വന്ദിച്ച ശേഷമാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. പല ഇടപാടുകാരോടും വാഗമണ്‍ പോസ്‌റ്റ്‌ ഓഫിസിലെ ജീവനക്കാരനാണ്‌ താന്‍ എന്നാണ്‌ കുമാര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ഇങ്ങനെ ഒരു ജീവനക്കാരന്‍ ഈ പോസ്‌റ്റ്‌ ഓഫീസില്‍ ജോലി ചെയ്‌തിട്ടില്ല. വാഗമണ്‍ പ്രദേശത്ത്‌ താമസക്കാരനായ ഇയാള്‍ക്ക്‌ അവിടെ ഭാര്യയും മക്കളുമുണ്ട്‌. എന്നാല്‍ ഈ തട്ടിപ്പ്‌ കൊണ്ടുള്ള നേട്ടമൊന്നും അവര്‍ക്കില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത.്‌
സ്‌ഥാപനത്തിന്റെ എം.ഡിയായ ശാലിനിയുമായി ഇയാള്‍ക്ക്‌ രഹസ്യ ബന്ധമുള്ളതായും പോലീസ്‌ സൂചന നല്‍കി. ഈ ബന്ധത്തിലാണ്‌ മാസങ്ങള്‍ മുമ്പ്‌ ശാലിനി തൂക്കുപാലത്ത്‌ താമാസമാക്കിയതും തട്ടിപ്പ്‌ ആസൂത്രണം ചെയ്‌തതും. കഴിഞ്ഞ ജനുവരി മുതല്‍ വ്യാപാരികള്‍, തോട്ടംതൊഴിലാളികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ തുടങ്ങി നിരവധി പേരില്‍ നിന്നും വന്‍തുക സമാഹരിച്ചു.
ഇത്തരത്തില്‍ 50,000 രൂപ വരെ നിക്ഷേപിച്ചവരുണ്ട്‌. സമൂഹത്തില്‍ ഉന്നത സ്‌ഥാനത്ത്‌ നില്‍ക്കുന്നവരായ പലരും പരാതി നല്‍കിയിട്ടില്ല. പണം ചോദിച്ചവരെ ഗുണ്ടകളെ ഇറക്കി ഭീക്ഷണിപെടുത്തുകയാണുണ്ടായത്‌. വന്‍ തുക നിക്ഷേപിച്ച കുഴിത്തോളു സ്വദേശി വായ്‌പ ലഭിക്കാതെ വന്നപ്പോള്‍ പരാതി നല്‍കാന്‍ തയാറെടുത്തപ്പോള്‍ ഒരു ജീപ്പ്‌ നിറയെ ഗുണ്ടകള്‍ വന്ന്‌ ഭീക്ഷണി പെടുത്തുകയായിരുന്നു.
പിന്നീട്‌ വ്യക്‌തികളില്‍ നിന്നുമുള്ള പിരിവ്‌ നിര്‍ത്തി ജെ.എല്‍.ജി ഗ്രൂപ്പുകളിലൂടെ വനിതകളെ സ്വാധീനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം മുതല്‍ അഞ്ചുപേരടങ്ങുന്ന ജെ.എല്‍.ജികള്‍ രൂപീകരിച്ച്‌ ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്‌പ നല്‍കുമെന്ന്‌ വാഗ്‌ദാനം നല്‍കി വായ്‌പ നല്‍കുന്നതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ഒരു സംഘത്തില്‍ നിന്നും 10,000 മുതല്‍ 80,000 രൂപ വരെ വാങ്ങുകയായിരുന്നു. ഈ തുകയ്‌ക്ക്‌ സ്‌ഥാപനത്തിന്റെ പേര്‌ മാത്രമുള്ള വ്യാജ രസീതും നല്‍കി.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW