Sunday, July 21, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

പച്ചത്തുരുത്ത്‌ പദ്ധതി വ്യാപിപ്പിക്കുന്നു; ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌

തൊടുപുഴ: തദ്ദേശഭരണസ്‌ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത്‌ പദ്ധതി ജില്ലയില്‍ വ്യാപകമാകുന്നു. കാലാവസ്‌ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന അതിരൂക്ഷമായ പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക പ്രതിവിധിയെന്ന നിലയില്‍ തദ്ദേശഭരണസ്‌ഥാപനങ്ങളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
വെള്ളിയാമറ്റം, കൊക്കയാര്‍, പെരുവന്താനം, ചക്കുപള്ളം, അറക്കുളം, അടിമാലി, വാത്തിക്കുടി, മുട്ടം പഞ്ചായത്തുകളിലും പച്ചത്തുരുത്തുകള്‍ ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്‌. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌ രാവിലെ പത്തിന്‌ കാഞ്ഞാറില്‍ വെള്ളിയാമറ്റം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി എം.എം. മണി നിര്‍വഹിക്കും. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മര്‍ട്ടില്‍ മാത്യു അധ്യക്ഷത വഹിക്കും. കലക്‌ടര്‍ എച്ച്‌. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും.
എം.വി.ഐ.പി. അനുമതി നല്‍കിയ ഭൂമിയിലാണ്‌ വെള്ളിയാമറ്റം പഞ്ചായത്തിന്റെ പച്ചത്തുരുത്ത്‌ ഒരുക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ഷീബാ രാജശേഖരന്‍ പറഞ്ഞു. കുമളി ചെങ്കരയില്‍ പഞ്ചായത്ത്‌ എല്‍.പി. സ്‌കൂളിന്റെ 50 സെന്റ്‌ ഭൂമിയിലാണ്‌ പച്ചത്തുരുത്തിന്‌ തുടക്കമിട്ടത്‌. ഇവിടെ ഫലവൃക്ഷത്തൈകള്‍ വച്ച്‌ വേലികെട്ടി സൂക്ഷിച്ചിരിക്കുകയാണ്‌. കൊക്കയാറില്‍ നാരകപ്പുഴയോരത്ത്‌ 25 സെന്റ്‌ ഭൂമിയും പൂവഞ്ചിപ്പുഴയോരത്തെ 25 സെന്റ്‌ സ്‌ഥലവും പച്ചത്തുരുത്തിനൊരുങ്ങുകയാണ്‌. ഇവിടെ പദ്ധതി ഉദ്‌ഘാടനം 24ന്‌ നടക്കും. പെരുവന്താനത്ത്‌ എന്‍.എച്ച്‌. 185നോടു ചേര്‍ന്ന്‌ നിലവില്‍ മാലിന്യം നിക്ഷേപിക്കുന്ന 25 സെന്റ്‌ ഭൂമിയാണ്‌ വൃത്തിയാക്കി പച്ചത്തുരുത്തിനായി സജ്‌ജമാക്കുന്നത്‌. കൂടാതെ പഞ്ചായത്തിനോട്‌ ചേര്‍ന്നുള്ള 25 സെന്റ്‌ ഭൂമിയും പച്ചത്തുരുത്താകും.
പദ്ധതിയുടെ ഉദ്‌ഘാടനം 24ന്‌ നടക്കും. ചക്കുപള്ളത്ത്‌ പി.എച്ച്‌.സിയുടെ വക 25 സെന്റും മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന 25 സെന്റുമാണ്‌ പച്ചത്തുരുത്തിനായി നീക്കിവച്ചിരിക്കുന്നത്‌. ഇവിടെ പദ്ധതി ഉദ്‌ഘാടനം 25നാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. വാത്തിക്കുടിയില്‍ പോലീസ്‌ സ്‌റ്റേഷന്റെ ഉടമസ്‌ഥതയിലുള്ള രണ്ടരയേക്കറിലാണ്‌ പച്ചത്തുരുത്ത്‌ ഒരുങ്ങുക. കോളപ്ര തലയനാട്‌ പാലത്തിനു സമീപത്തെ ഒന്നരയേക്കറോളം വരുന്ന തുരുത്തില്‍ കുടയത്തൂര്‍ പഞ്ചായത്തിന്റെ രണ്ടാംഘട്ട പച്ചത്തുരുത്തിന്‌ അനുമതിയായിട്ടുണ്ട്‌. മുട്ടം പഞ്ചായത്തില്‍ മലങ്കര പാര്‍ക്കിനോടനുബന്ധിച്ചുള്ള ഭൂമിയാണ്‌ പച്ചത്തുരുത്താകുന്നത്‌.
അടിമാലിയില്‍ കല്ലാര്‍കുട്ടി റോഡില്‍ ഒരേക്കറോളം ഭൂമിയും ഈസ്‌റ്റേണ്‍ സ്‌കൂളിന്റെ മൂന്ന്‌ സെന്റ്‌ ഭൂമിയും ദേവിയാര്‍ സ്‌കൂളിനോടനുബന്ധിച്ചുള്ള ഭൂമിയിലും പച്ചത്തുരുത്തിനായി സജ്‌ജമാക്കും. അറക്കുളത്ത്‌ നാടുകാണിയിലെ പഞ്ചായത്തിന്റെ ഒരേക്കര്‍ ഭൂമിക്കു പുറമേ എം.വി.ഐ.പി. അനുമതി നല്‍കുന്ന രണ്ടേക്കറോളം ഭൂമിയിലും പച്ചത്തുരുത്ത്‌ ഒരുക്കുമെന്നും ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്‌. മധു അറിയിച്ചു.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW